കോഴിക്കോട്: പൊലിസ് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിലെ അഞ്ചാം പ്രതിക്ക് ജാമ്യം. എംഡിഎംഎ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിലെ അഞ്ചാം പ്രതിയും ഇരിട്ടി സ്വദേശിയുമായ ജിജിൻ കുര്യാക്കോസിനാണ് വടകര എൻഡിപിഎസ് കോടതി ജാമ്യം അനുവദിച്ചത്.
60 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ സാഹചര്യത്തിലാണ് എൻഡിപിഎസ് കോടതി ജഡ്ജി അന്യാസ് തയ്യിൽ ജാമ്യം അനുവദിച്ചത്. കേസിന്റെ അന്വേഷണം പൂർത്തിയാകാത്തതിനാൽ പൊലിസ് ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. കേസിലെ മുഖ്യപ്രതിയെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
അതേസമയം ഈ കേസിൽ ജാമ്യം ലഭിച്ചെങ്കിലും പയ്യോളി പൊലിസ് രജിസ്റ്റർ ചെയ്ത മറ്റൊരു മയക്കുമരുന്ന് സാമ്പത്തിക ഇടപാട് കേസിൽ ജിജിൻ കുര്യാക്കോസ് ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ആ കേസിലും ജാമ്യം ലഭിച്ചാൽ മാത്രമേ ഇയാൾക്ക് ജയിൽമോചിതനാകാൻ കഴിയൂ. ഇതോടെ വടകരയിലെ എംഡിഎംഎ കേസിൽ അറസ്റ്റിലായ മുഴുവൻ പ്രതികൾക്കും ജാമ്യം ലഭിച്ചു.